കോട്ടയം: ദീപികയുടെ 140-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് സംസ്ഥാനവ്യാപകമായി ദീപിക ഫ്രണ്ട്സ് ക്ലബ് (ഡിഎഫ്സി) പതാകദിനമായി ആചരിക്കും.
ഇടവകതലത്തിലുള്ള ഡിഎഫ്സി യൂണിറ്റുകളുടെ നേതൃത്വത്തിൽ പതാക ഉയർത്തലും ദീപിക ഫ്രണ്ട്സ് ക്ലബ് ആന്തം ആലപിക്കലും നടക്കും. ഇടവക വികാരി പതാക ഉയർത്തുകയും ഡിഎഫ്സിയുടെ പുരുഷ-വനിതാ പ്രസിഡന്റുമാർ സന്ദേശം നൽകുകയും ചെയ്യും. ദീപിക ഫ്രണ്ട്സ് ക്ലബ്, കുടുംബകൂട്ടായ്മ ഭാരവാഹികൾ, ഇടവകയിലെ എല്ലാ സംഘടനാ പ്രതിനിധികൾ എന്നിവർ പതാകദിനത്തിന് നേതൃത്വം നൽകും.
ഇന്നു മുതൽ 26 വരെ "ദീപിക വാരം' ആഘോഷിക്കണമെന്നും ഇന്നോ 26-നോ എല്ലാ ഇടവകകളിലും ദീപിക പതാകദിനവും സമ്മേളനവും നടത്തണമെന്നും ഡിഎഫ്സി സംസ്ഥാന ഡയറക്ടർ ഫാ. റോയി കണ്ണൻചിറ അറിയിച്ചു.
ദീപികയുടെ 140-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാനം മുഴുവൻ "കുടുംബങ്ങളിൽ പത്രവായന പ്രോത്സാഹന വർഷം' ആയി ആഘോഷിക്കാൻ വിവിധ കർമപദ്ധതികൾ രൂപീകരിച്ചിട്ടുണ്ട്.
കുട്ടികൾക്കായി ദീപിക എഡിറ്റോറിയൽ വായനാ മത്സരം, ദീപിക ക്വിസ് മത്സരം, "എല്ലാ കുടുംബങ്ങളിലും ക്ലാസ് മുറികളിലും ദീപിക'പദ്ധതി, കേരളത്തിനകത്തും പുറത്തും വിദേശത്തുമുള്ള യുവതലമുറയെയും കുട്ടികളെയും പത്രവായനയിലേക്കും മലയാള ഭാഷയിലേക്കും തിരികെ കൊണ്ടുവരാനായി ദീപിക ഓൺലൈൻ ഇ-പേപ്പർ പ്രചാരണം തുടങ്ങിയ വിപുലമായ കർമപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഫാ. റോയി കണ്ണൻചിറ, ഡിഎഫ്സി ജോയിന്റ് ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ, പ്രസിഡന്റുമാരായ ലോറൻസ് ഈനാനിക്കൽ, ആൻസി മാത്യു ചേന്നോത്ത് എന്നിവർ അറിയിച്ചു.